Wednesday, 25 January 2017

ദൈവ സംരക്ഷകർ

"മനുഷ്യ വർഗ്ഗത്തിന്റെ നാശത്തിനുള്ള കാരണമായി ദൈവം മാറുന്ന വിരോധാഭാസത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത് . സ്നേഹം എന്ന അമൂർത്ത ഭാവത്തിന്റെ പൂർണ്ണതയായ ദൈവത്തെ സ്വാർത്ഥ താല്പര്യങ്ങളുടെ അതി സങ്കീർണ്ണമായ നിറക്കൂട്ടിൽ മുക്കി നടത്തുന്ന മുതലെടുപ്പകളാണ് എല്ലാ മത ഭ്രാന്തുകളുടെയുo മൂല കാരണം. ചിരിക്കുന്ന നക്ഷത്രങ്ങളുടെ ഇടയിൽ അവയുടെ സൗന്ദര്യം തേടേണ്ടവൻ ആ നക്ഷത്രങ്ങൾക്കിടയിൽ തന്റെ സഹോദരനെ കൊല്ലാനുള്ള ആയുധങ്ങൾ ഒളിപ്പിക്കാൻ വഴി തേടുമ്പോൾ , ദൈവ സൃഷ്ടിയുടെ ഉദാത്തഭാവമെന്ന അഹങ്കാരo സ്വനാശത്തിന്റെ ശവപ്പട്ടിയിലേക്ക് അടിക്കുന്ന അവസാന ആണികളാകുന്നു........ "
 "സഹജീവിയോടുള്ള പക ശവക്കുഴി വരെ പേറുന്ന മനുഷ്യൻ ദൈവത്തിന്റെ അമൂല്യ സൃഷ്ടിയാവുന്നതെങ്ങനെ....?
പണം എന്ന സ്വസൃഷടമായ സംവിധാനത്തിന്റെ സമ്പാദനത്തിനായ് എന്തു നികൃഷ്ടതക്കും തയ്യാറാവുന്നവൻ ദൈവത്തിന്റെ ശരീരമാകുന്നതെങ്ങനെ....?
ഉത്സവമാകേണ്ടിയിരുന്ന ക്ഷണികമായ ജീവിതത്തെ മത്സരമാക്കി നശിപ്പിക്കുന്ന മനഷ്യൻ ദൈവത്തിന്റെ ഏറ്റവും ബുദ്ധിയുള്ള സൃഷ്ടിയാവുന്നതെങ്ങനെ.....?
സഹജീവികളിൽ സൃഷ്ടാവിന്റെ മുഖം കാണാതെ കല്ലിലും ,മണ്ണിലും, മന്ദിരങ്ങളിലുമായി താൻ തടവിട്ടിലിരിക്കുന്ന പ്രതീകങ്ങളെ ആരാധിക്കുന്ന മനഷ്യന്റെ ഭക്തി ഉത്കൃഷ്ടമാകുന്നതെങ്ങനെ.....?
ഒരായിരം ഭാഷകളുണ്ടാക്കി ഈ പ്രകൃതിയുടെ ഭാഷ മറന്ന് ഇന്ന് സ്വന്തം കുലത്തിനോട് പോലും സംവദിക്കാനാകാതെ അതിരുകൾക്കുള്ളിൽ തങ്ങളെത്തന്നെ തളച്ചിടുന്ന മനുഷ്യരാണോ ഈ ലോകത്തിന്റെ അധിപൻ.....?
കഴിക്കുന്ന ആഹാരവും ,ധരിക്കുന്ന വസ്ത്രവും, കുളിക്കുന്ന വെള്ളവും നോക്കി മാർക്കിടുന്ന ആളായി സൃഷ്ടാവിനെ തരംതാഴ്ത്താൻ വേറെ ഒരു സൃഷടിക്കും കഴിയില്ല ..... "

No comments:

Post a Comment